Monday, 15 August 2011

65 -ാംസ്വാതന്ത്ര്യദിനം


'സ്വാതന്ത്ര്യം തന്നെയമൃതം
              സ്വാതന്ത്ര്യം തന്നെ ജീവിതം
              പാരതന്ത്ര്യം മാനികള്‍ക്ക്‌
              മൃതിയേക്കാള്‍ ഭയാനകം'


ഭാരത ഭൂമി വൈദേശികാധിപത്യത്തിന്റെ നീരാളിക്കൈകളില്‍ നിന്ന് സ്വതന്ത്രയായി നീണ്ട 64 സംവത്സരങ്ങള്‍ കാലയവനികക്കുള്ളില്‍ മറയുന്നു.!

ജന്മനാടിന്റെ സ്വാതന്ത്ര്യം വിശ്വാസത്തിന്റെ ഭാഗമായി ഗണിച്ച്‌, സമ്പത്തും, ജീവനും ബലിയര്‍പ്പിച്ച ഒരു ജനതതിയിലെ വീരയോദ്ധാക്കളുടെ ചരിതം പക്ഷെ യുവതലമുറക്കന്യം.. . 'ഭാരതമെന്നു പേരുകേട്ടാല്‍ അഭിമാന പൂരിതമാവണമന്തരംഗം' എന്ന് വാഴ്ത്തിപ്നാടിയ, നാനാത്വത്തില്‍ ഏകത്വം ഉത്ഘോഷിക്കപ്പെട്ട നമ്മുടെ നാടിന്റെ ഈ 64 വര്‍ഷങ്ങളുടെ ബാക്കി പ്രത്രമായ അവസ്ഥയില്‍ ഇന്ത്യക്കാര്‍ക്കുള്ളത്‌ അഭിമാനമോ അതോ ?

നമുക്ക്‌ പൂര്‍വ്വികര്‍ നേടിത സ്വാതന്ത്ര്യത്തിന്റെ മൂല്യം മറന്ന്, കൊള്ളക്കാരെയും, കൊലപാതകികളെയും , വര്‍ഗ്ഗീയകോമരങ്ങളെയും ഭരണചക്രം തിരിക്കാന്‍ ഏല്‍പിച്ചതിലൂടെ നഷ്ടമായത്‌ മനുഷ്യന്‌ മനുഷ്യനായി ജീവിക്കാനുള്ള സാഹചര്യമാണ്‌ശാസ്ത്രീയനേട്ടങ്ങളിലൂടെ, ഭൗതികപുരോഗതിയിലൂടെ ഒരു വിഭാഗത്തിന്റെ ജീവിതനിലവാരം ഉയര്‍ന്നപ്പോഴും അതിന്‌ ആനുപാതികമായി മനസ്‌ വളര്‍ന്നില്ലെന്ന് മാത്രമല്ല , കൂടുതല്‍ ഇടുങ്ങുകയും കുടിലത കുടിയേറുകയും ചെയ്തു എന്നത്‌ ദു:ഖിപ്പിക്കുന്ന യാഥാര്‍ത്ഥ്യം. നമ്മുടെ ജന്മഭൂവില്‍ ദിനംപ്രതി, അല്ല നിമിഷംപ്രതി അരങ്ങേറിക്കൊണ്ടിരിക്കുന്ന അക്രമങ്ങളും അനീതികളും അറിയുമ്പോള്‍ വേദനിക്കുന്ന ഹൃദയവുമായി പ്രാര്‍ത്ഥനാ നിരതരാവുകയല്ലാതെ എന്തുചെയ്യാന്‍ ?

രാഷ്ട്രത്തിന്‌ വേണ്ടി ജീവന്‍ ത്യജിച്ചവര്‍ പഴയകഥകളില്‍... ഇന്ന്‌ രാഷ്ട്രീയത്തിന്‌ വേണ്ടി ജീവനെടുക്കാന്‍ നടക്കുന്നവര്‍ മാത്രം!

അന്യ നാടുകളില്‍ സാഹോദര്യത്തോടെ വര്‍ത്തിക്കുന്നവരുടെതന്നെ സഹോദരങ്ങള്‍ പക്ഷെ പെറ്റമ്മയുടെ മടിത്തട്ടില്‍ പരസ്പരം ആക്രമിക്കപ്പെടുന്നു. രാഷ്ട്രീയത്തിന്റെ പേരില്‍, മതത്തിന്റെ പേരില്‍ , വര്‍ണ്ണത്തിന്റെ പേരില്‍, ജാതിയുടെ പേരില്‍, പ്രദേശങ്ങളുടെപേരില്‍ !! എവിടെയും അശാന്തിയുടെ തീചുരുളുകള്‍ കണ്ടു കൊണ്ട്‌ കണ്‍തുറക്കേണ്ടിവരുമ്പോഴും പ്രതീക്ഷകള്‍ കൈവിടതെ സമാധാനത്തിന്റെ പുലരികള്‍ക്കായി പ്രാര്‍ത്ഥനയോടെ.

സ്വാതന്ത്ര്യ ദിനാശംസകളോടെ,

No comments:

Post a Comment