Monday, 16 December 2013

മഹാരാജാവിന് ആദരാഞ്ജലികള്‍...

ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ മഹാരാജാവിന് ആദരാഞ്ജലികള്‍...
 തിരുവിതാംകൂറിലെ അവസാനത്തെ മഹാരാജാവ് ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മയുടെ അനുജനും രാജവംശത്തിന്റെ  ഇന്നത്തെ ആരാധ്യപ്രതീകവുമായ ശ്രീപത്മനാഭദാസന്‍ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ(91) നാടുനീങ്ങി.  രാജത്വത്തിന്റെ പ്രൗഢിയും തിരുവിതാംകൂര്‍ കൊട്ടാരത്തിന്റെ സവിശേഷമായ വിനയമുദ്രയും ചാലിച്ച ഇളയരാജാവ് ഇനി തേജോമയമായ ഓര്‍മ.

രാജഭരണത്തിനും സ്വാതന്ത്ര്യസമരപ്രക്ഷോഭങ്ങള്‍ക്കും ജനാധിപത്യത്തിലേക്കുള്ള പരിവര്‍ത്തനത്തിനും ശേഷം രാഷ്ട്രീയവാഴ്ച്ചയ്ക്കും സാക്ഷിയായ കര്‍മജ്യോതിസാണ് അണയുന്നത്. എല്ലാത്തിനോടും അദ്ദേഹം പൊരുത്തപ്പെട്ടു. നല്ലതിനെ സ്വാംശീകരിച്ചു. വിയോജിപ്പിന്റെ പേരില്‍ കാലുഷ്യം കാട്ടിയില്ല. തിരുവിതാംകൂര്‍ കൊട്ടാരത്തിന്റെ കുലീനതയും ഔന്നത്യവും ലാളിത്യവും അവസാനശ്വാസം വരെ കൂടെ കൊണ്ടുനടന്നു. കിളിമാനൂര്‍ കൊട്ടാരത്തിലെ രവിവര്‍മ കൊച്ചു കോയിതമ്പുരാന്റെയും അമ്മമഹാറാണി സേതുപാര്‍വതി ബായിയുടേയും മകനായി 1922 മാര്‍ച്ച് 22 ന് ഉത്രാടം നാളില്‍ ജനിച്ചു. ആറാംവയസില്‍ കൊട്ടാരത്തില്‍ വച്ചു തന്നെ വിദ്യാഭ്യാസം ആരംഭിച്ച ഇളയരാജാവ് ബാല്യത്തില്‍ തന്നെ തന്റെ പ്രതിഭാവിലാസവും വേറിട്ട താല്‍പ്പര്യങ്ങളും പ്രകടിപ്പിച്ചു. ഫൊട്ടോഗ്രഫിയില്‍ അതീവതല്‍പ്പരനായിരുന്നു ഉത്രാടംതിരുനാള്‍.
 ലോകയാത്രകളിലുടനീളം ക്യാമറ ഒപ്പമുണ്ടായി. തിരുവിതാംകൂര്‍ കൊട്ടാരത്തിന്റെ ചരിത്രമുഹൂര്‍ത്തങ്ങളും ഒപ്പിയെടുത്തു. അങ്ങനെ ചിത്രങ്ങളുടെ ചക്രവര്‍ത്തിയായി. ജീവിതസായാഹ്നത്തില്‍ ആ ചരിത്രമുറങ്ങുന്ന ചിത്രങ്ങളുടെ ശേഖരം ഉത്രാടംതിരുനാള്‍ ചിത്രാലയമാക്കി പരിണമിപ്പിച്ചുകൊണ്ട്  അവിസ്മരണീയമായ കാഴ്ച്ചയുടെ സമ്മാനവും കൈമാറിയാണ് തമ്പുരാന്‍ വിടവാങ്ങുന്നത്. കുതിരസവാരി, കായികവിനോദങ്ങള്‍, യാത്രകള്‍ തുടങ്ങിയവയും ഉത്രാടംതിരുനാളിന് ഹരങ്ങളായിരുന്നു.

ട്രാവന്‍കൂര്‍ വാഴ്സിറ്റിയില്‍ നിന്ന് സ്വര്‍ണമെഡലോടെ ഓണേഴ്സ് പാസായ ഉത്രാടംതിരുനാള്‍ പിന്നീട് ലണ്ടനിലും തുടര്‍വിദ്യാഭ്യാസം നടത്തി. ഭാര്യ രാധാദേവിയും മക്കളുമൊത്ത് വര്‍ഷങ്ങളോളം അദ്ദേഹം ബാംഗ്ളൂരിലായിരുന്നു. 1991 ല്‍ ശ്രിചിത്തിരതിരുനാള്‍ മഹാരാജാവ് നാടുനീങ്ങിയതിനെത്തുടര്‍ന്ന് പത്മനാഭസ്വാമിക്ഷേത്രഭരണ നേതൃത്വം ഏറ്റെടുക്കാനായി അനന്തപുരിയിലേക്കു മടങ്ങിയെത്തി. ലഫ. കേണല്‍ ഡോ: കെ.ജി പണ്ഡാലയുടെ മകള്‍ അന്തരിച്ച രാധാദേവിയാണ് ഭാര്യ. മക്കള്‍:അനന്തപത്മനാഭന്‍, പാര്‍വതിദേവി.

No comments:

Post a Comment