Monday, 3 February 2014

രക്തസാക്ഷിദിനം-ഒക്‌ടോബര്‍ 30



പ്രണാമം .... നമ്മുടെ രാഷ്ട്രപിതാവിന്റെ 66-മത് രക്തസാക്ഷിദിനം !!! ഗാന്ധിജിയുടെ വചനങ്ങൾ "ആദ്യം നിങ്ങളെ അവർ അവഗണിക്കും,പിന്നെ പരിഹസിക്കും,പിന്നെ പുശ്ചിക്കും, പിന്നെ ആക്രമിക്കും എന്നിട്ടായിരിക്കും നിങ്ങളുടെ വിജയം." 
രക്തസാക്ഷിദിനത്തോടനുബന്ധിച്ച് , പ്ലക്കാര്‍ഡുകള്‍,പോസ്റ്ററുകള്‍എന്നിവയുടെ നിര്‍മാണം ,ശാന്തിയാത്ര, ഗാന്ധിജിയുമായി ബന്ധപ്പെട്ട കവിതകളുടെ ആലാപനം,ഗാന്ധിക്വിസ് എന്നിവ നടത്തപ്പെട്ടു.
വായിക്കൂ...
 മഹാത്മാവും വൈസ്രോയിയും 
രിക്കല്‍കൂടി, ചര്‍ച്ചിലിന്റെ അര്‍ധനഗ്‌നനായ ഫക്കീര്‍ വൈസ്രോയിയുടെ പഠനമുറിയില്‍, ചക്രവര്‍ത്തിതിരുമനിലെ പ്രതിപുരുഷനുമായി സമനിലയില്‍ കൂടിയാലോചനയും സന്ധിസംഭാഷണവും നടത്താന്‍ വന്നിരിക്കുകയാണ്.
തന്റെ അരികിലിരിക്കുന്ന ആ പ്രശസ്തമായ രൂപത്തെ വീക്ഷിക്കവേ മൗണ്ട്ബാറ്റന്‍ ചിന്തിച്ചു: അദ്ദേഹം ഏറക്കുറെ ഒരു കൊച്ചുപക്ഷിയെപ്പോലെയാണ്. എന്റെ കസേരയില്‍ കൂടുകെട്ടിയ അരുമയായ, പക്ഷേ, ദുഃഖഭാവമിയന്ന കുരുവി. തികച്ചും ഭിന്നരായിരുന്നു അവരിരുവരും.


തന്റെ യൂനിഫോറത്തിന്റെ അന്തസ്സില്‍ ആനന്ദിച്ച രാജകീയനാവികന്‍ ഒരു പുറത്ത്. മറുപുറത്തോ, ഒരു പരുക്കന്‍ പരുത്തിത്തുണിക്കീറിലുമേറെയുള്ള ഒന്നുകൊണ്ടും നഗ്‌നത മറയ്ക്കാന്‍ കൂട്ടാക്കാത്ത പ്രായം ചെന്ന ഇന്ത്യക്കാരന്‍. വ്യായാമദൃഢമായ ശരീരത്തില്‍ ചൈതന്യം തുടിച്ചുനില്ക്കുന്ന സുന്ദരനായ മൗണ്ട്ബാറ്റനും കസേരയില്‍ മിക്കവാറും അപ്രത്യക്ഷനായമട്ടില്‍ ഹ്രസ്വാകാരനായ ഗാന്ധിയും. അഹിംസയുടെ പ്രവാചകനും ആയോധനം തൊഴിലാക്കിയ യുവാവും. ഒരാള്‍ കുലീനന്‍. അപരന്‍ ഭൂഗോളത്തിലെ ഏറ്റവും ദരിദ്രരായ ജനങ്ങളോടൊപ്പം ദാരിദ്ര്യത്തില്‍ മുഴുകിയ ജീവിതം സ്വയം തിരഞ്ഞെടുത്ത വ്യക്തി.  യുദ്ധകാലവാര്‍ത്താവിനിമയത്തിന്റെ സാങ്കേതികസിദ്ധികളില്‍ നിഷ്ണാതനും തന്റെ നേതൃത്വത്തിലുള്ള ലക്ഷക്കണക്കിനു സൈനികരുമായി നിത്യബന്ധം പുലര്‍ത്തുന്ന സങ്കീര്‍ണമായ സിഗ്‌നല്‍ സംവിധാനം മെച്ചപ്പെടുത്താന്‍ എപ്പോഴും എന്തെങ്കിലും പുതിയ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ തേടിക്കൊണ്ടിരിക്കുന്നവനുമായ മൗണ്ട്ബാറ്റന്‍; അത്തരം സന്നാഹങ്ങളെയെല്ലാം അവിശ്വസിക്കുകയും അതേസമയം ഈ നൂറ്റാണ്ടില്‍ മറ്റ് ഏറെപ്പേര്‍ക്ക് കഴിയാത്തവിധം പൊതുജനങ്ങള്‍ക്ക് തന്റെ ആശയങ്ങള്‍ പകര്‍ന്നുകൊടുക്കുകയും ചെയ്യുന്ന ദുര്‍ബലശരീരനായ പ്രവാചകന്‍ ഗാന്ധി.
ആ ഘടകങ്ങളെല്ലാം, അവരുടെ പശ്ചാത്തലങ്ങളിലെ മിക്കവാറും എല്ലാ കാര്യങ്ങളും, അവര്‍ രണ്ടുപേരും ഭിന്നാഭിപ്രായക്കാരായിരിക്കാന്‍ വിധിക്കപ്പെട്ടവരാണെന്ന് തോന്നിച്ചു. എങ്കിലും അടുത്ത ഏതാനും മാസങ്ങള്‍ക്കകം, ഗാന്ധി തന്റെ സ്വന്തം ഹൃദയത്തില്‍ ഉണര്‍ന്ന ധാര്‍മികമൂല്യങ്ങളില്‍ ചിലതിന്റെ അനുരണനം ആ സൈനികന്റെ ആത്മാവില്‍ കണ്ടെത്തിയതായി അദ്ദേഹത്തിന്റെ അടുത്ത അനുയായികളിലൊരാള്‍ വെളിപ്പെടത്തുകയുണ്ടായി. ലോകചരിത്രം ക്രിസ്തുവിനും ബുദ്ധനും തുല്യമായ സ്ഥാനമാണ് മഹാത്മാഗാന്ധിക്കു നല്‍കുക എന്ന് ഗാന്ധി ഇഹലോകവാസം വെടിഞ്ഞ അവസരത്തില്‍ വിളംബരം ചെയ്യുമാറ് മൗണ്ട്ബാറ്റന് അദ്ദേഹത്തോടുള്ള മതിപ്പ് വളരുകയുംചെയ്തു.
ഗാന്ധിയുമായുള്ള തന്റെ ഈ ആദ്യത്തെ കൂടിക്കാഴ്ചയ്ക്ക് മൗണ്ട്ബാറ്റന്‍ അത്രയധികം പ്രാധാന്യം  കല്പിച്ചിരുന്നതുകൊണ്ട് വൈസ്രോയിയായി അവരോധിക്കപ്പെടുന്നതിനു മുമ്പുതന്നെ, മഹാത്മാവിനെ ഡല്‍ഹിയിലേക്കു ക്ഷണിച്ചുകൊണ്ട് അദ്ദേഹം എഴുതിയിരുന്നു. തന്റെ മറുപടി ഗാന്ധി ഉടന്‍ തയ്യാറാക്കി. പിന്നെ, ഒന്നമര്‍ത്തിച്ചിരിച്ചുകൊണ്ട് ഒരു ശിഷ്യനോട് പറഞ്ഞു: രണ്ടു ദിവസം കഴിഞ്ഞ് ഇതു തപാല്‍പ്പെട്ടിയില്‍ ഇട്ടാല്‍ മതി. ഞാന്‍ ക്ഷണക്കത്തിനുവേണ്ടി പൊരിഞ്ഞുകാത്തിരിക്കുകയായിരുന്നുവെന്ന് ആ ചെറുപ്പക്കാരന്‍ ധരിക്കാന്‍ ഇടവരേണ്ട.
പക്ഷേ, ഈ ക്ഷണക്കത്തിനു പിറകേ തന്നെ ശ്രദ്ധേയനാക്കിത്തുടങ്ങിയതും പലപ്പോഴും തന്റെ നാട്ടുകാരനായ ഇംഗ്ലിഷുകാരെ രോഷാകുലരാക്കിയതുമായ മറ്റൊരു നീക്കവും ആ ചെറുപ്പക്കാരന്റെ ഭാഗത്തുനിന്നുണ്ടായി. ബിഹാറില്‍നിന്നും ഗാന്ധിയെ ഡല്‍ഹിക്കു കൊണ്ടുവരുന്നതിന് തന്റെ സ്വന്തം വിമാനം അയയ്ക്കാമെന്ന് അദ്ദേഹം അറിയിച്ചു. ഗാന്ധി, പക്ഷേ, അതു നിരാകരിച്ചു. എപ്പോഴും പതിവുള്ളതുപോലെ മൂന്നാംക്ലാസ് തീവണ്ടിയില്‍ യാത്രചെയ്യുകയെന്ന വ്രതത്തില്‍ അദ്ദേഹം ഉറച്ചുനിന്നു.
തങ്ങളുടെ ആദ്യത്തെ ബന്ധപ്പെടലിന് താന്‍ കല്പിക്കുന്ന പ്രാധാന്യം എടുത്തുകാട്ടുന്നതിനും, ആ കൂടിക്കാഴ്ചയ്ക്ക് പ്രത്യേകമായ സൗഹൃദപരിവേഷം നല്‍കുന്നതിനുമായി തന്റെ പത്‌നിയോടും അപ്പോള്‍ സന്നിഹിതയാവണമെന്ന് മൗണ്ട്ബാറ്റന്‍ ആവശ്യപ്പെട്ടിരുന്നു. തങ്ങളുടെ എതിരില്‍ ആസനസ്ഥനായ ആ പ്രശസ്ത വ്യക്തിയെ വീക്ഷിച്ചുകൊണ്ടിരിക്കെ, വൈസ്രോയിദമ്പതിമാരുടെ മനസ്സില്‍ പരിഭ്രമവും ഉത്കണ്ഠയും നിറഞ്ഞു. എന്തോ അജ്ഞാതമായ ദുഃഖത്തിന്റെ പിടിയില്‍ അമര്‍ന്നതുപോലെ മഹാത്മാവ് തികച്ചും അസന്തുഷ്ടനാണെന്ന് അവര്‍ക്കു രണ്ടുപേര്‍ക്കും പെട്ടെന്നു മനസ്സിലായി. തങ്ങള്‍ തെറ്റെന്തെങ്കിലും ചെയ്തുവോ? പെരുമാറ്റമര്യാദകളില്‍ എന്തെങ്കിലും അവഗണന സംഭവിച്ചുവോ?
മൗണ്ട്ബാറ്റന്‍ ഉത്കണ്ഠയോടെ പത്‌നിയെ ഒന്നു നോക്കി. ദൈവമേ, എത്ര ഭയാനകമായ രീതിയിലാണു കാര്യങ്ങള്‍ തുടങ്ങുന്നത്! അദ്ദേഹം ചിന്തിച്ചു. അങ്ങേയറ്റത്തെ ആദരവോടെ കുഴപ്പം എന്തെങ്കിലും ഉണ്ടോ എന്ന് അദ്ദേഹം ഗാന്ധിയോട് ആരാഞ്ഞു.
ഇന്ത്യയുടെ നേതാവ് മൃദുവായി, ദുഃഖസൂചകമായി, നിശ്വസിച്ചു. താങ്കള്‍ക്കറിയാമല്ലോ, ദക്ഷിണാഫ്രിക്കയില്‍ പോയതിനുശേഷം, ജീവകാലമത്രയും, ഞാന്‍ ഭൗതികസമ്പത്തുകള്‍ പരിത്യജിച്ചിരിക്കയാണ്. അദ്ദേഹം പറഞ്ഞു. തനിക്കു സ്വന്തമായി വളരെക്കുറച്ചേയുള്ളു എന്നദ്ദേഹം വിശദീകരിച്ചു. തന്റെ ഗീത, യര്‍വദാ ജയിലില്‍ താമസിച്ചിരുന്ന കാലത്തെ അനുസ്മരിപ്പിക്കുമാറ് ഭക്ഷണം കഴിക്കാന്‍ ഉപയോഗിക്കുന്ന തകരപ്പാത്രങ്ങള്‍, തന്റെ മൂന്നു ഗുരുക്കന്മാര്‍. പിന്നെയുള്ളത് ഒരു ചരടില്‍ കെട്ടി, അരക്കെട്ടില്‍ തൂക്കുന്ന എട്ടു ഷില്ലിങ്ങിന്റെ ഇംഗര്‍സോള്‍ വാച്ചാണ്. തന്റെ ഓരോ നിമിഷവും ദൈവത്തിന്റെ പേരില്‍ ശരിയായി വിനിയോഗിക്കണമെങ്കില്‍ സമയമറിയാതെ പറ്റില്ലല്ലോ.
എന്തു പറ്റിയെന്ന് താങ്കള്‍ക്കറിയാമോ? അദ്ദേഹം ദുഃഖത്തോടെ ചോദിച്ചു: അവര്‍ അതു കട്ടെടുത്തു. ഡല്‍ഹിയിലേക്കു വരുന്ന റെയില്‍വേ കമ്പാര്‍ട്ട്‌മെന്റില്‍വച്ച് ആരോ ആ വാച്ച് മോഷ്ടിച്ചു. കസേരയില്‍ അമര്‍ന്നിരിക്കുന്ന ആ കൃശഗാത്രന്‍ ഈ വാക്കുകള്‍ ഉച്ചരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകളില്‍ അശ്രുക്കള്‍ മിന്നുന്നത് മൗണ്ട്ബാറ്റന്‍ കണ്ടു. ഒരു നിമിഷത്തിനകം വൈസ്രോയിക്കു കാര്യം മനിലായി. വാച്ചിന്റെ നഷ്ടമല്ല, ഗാന്ധിയെ അത്ര വേദനിപ്പിച്ചത്. അവര്‍ക്കു കാര്യം മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെന്നതായിരുന്നു ദുഃഖകാരണം. ആ തിരക്കേറിയ തീവണ്ടിമുറിയിലെ അദൃശ്യകരം എട്ടു ഷില്ലിങ്ങിന്റെ വാച്ചല്ല തട്ടിയെടുത്തത്, പിന്നെയോ, അദ്ദേഹത്തിന്റെ വിശ്വാസത്തിന്റെതന്നെ ഒരു കണികയാണ്.
 
ലാരി കോളിന്‍സ്, ഡൊമിനിക് ലാപിയര്‍
(സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍)

No comments:

Post a Comment